Banner Ads

ഓണാവധിക്ക് വീട് പൂട്ടി പോകുമ്പോൾ ശ്രദ്ധിക്കുക; കള്ളന്മാരെ കാത്തിരിക്കുന്നത് പോലീസ്, ജാഗ്രത നിർദേശങ്ങൾ പുറത്ത്

കണ്ണൂർ:ഓണാവധിക്കാലം ആഘോഷിക്കാൻ വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മുന്നറിയിപ്പ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം അറിയിക്കണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ സൗകര്യം വിനിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചു. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പർ എന്നിവ ആപ്പില്‍ നൽകണം.