Banner Ads

‘പൊലീസില്‍ അച്ചടക്ക നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍’; പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

പൊലീസില്‍ ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ചില ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറുന്നു. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ സമയത്ത് പൊലീസുദ്യോഗസ്ഥര്‍ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. അച്ചടക്ക നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നു. ഒരു ചെറിയ വീഴ്ചക്കുപോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമർശം ഉന്നയിച്ചത്.

പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പ്രവീണിന് പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയ വിവാദമാക്കിയത് വേദനാജനകമാണ്. ഇതേ തുടര്‍ന്ന് ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥര്‍ക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ല.ജോലി ഭാരം കാരണം പൊലീസുകാര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമാണുള്ളത്. 56 വയസ് എത്തുന്നതിന് മുമ്പ് പലരും മരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കഴിയാന്‍ സമയം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *