
കൊല്ലം:കൊല്ലം കല്ലുവാതുക്കൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സന്ദർശിച്ചു. ഓണക്കോടിയും സമ്മാനങ്ങളുമായി എത്തിയ കുട്ടിക്കൂട്ടം, തങ്ങൾ തയ്യാറാക്കിയ ലഹരിവിരുദ്ധ നാടകം അവതരിപ്പിക്കാൻ ഒരു പൊതുവേദി വേണമെന്ന ആവശ്യം മന്ത്രിക്ക് മുന്നിൽ എത്തിയത്.
നാലാം ക്ലാസുകാരിയായ ദക്ഷിണ, മന്ത്രി അപ്പൂപ്പന് അയച്ച കത്തിൽ നിന്നാണ് ഈ കൂടിക്കാഴ്ചയുടെ തുടക്കം. നാടകം അവതരിപ്പിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് ദക്ഷിണ എഴുതിയ കത്ത് അധ്യാപിക സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് വൈറലായി. ഇതിനെ തുടർന്നാണ് മന്ത്രി കുട്ടികളെ റോസ് ഹൗസിലേക്ക് വിളിപ്പിച്ചത്.
2000-ൽ നടന്ന കല്ലുവാതുക്കൽ മദ്യദുരന്തം ഉൾപ്പെടെ പ്രമേയമാക്കിയാണ് കുട്ടികളും അധ്യാപകരും ചേർന്ന് നാടകം തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ ആവശ്യം ശ്രദ്ധയോടെ കേട്ട മന്ത്രി, നാടകം അവതരിപ്പിക്കുന്നതിന് ആവശ്യമായ വേദി ഒരുക്കാമെന്ന് ഉറപ്പ് നൽകി.