Banner Ads

ലൈംഗിക പീഡന പരാതി അടിസ്ഥാനരഹിതം; സ്വത്ത് തർക്കമാണ് കാരണമെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ.

തനിക്കെതിരായ ലൈംഗിക പീഡന പരാതി അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. സ്വത്തു തർക്കവും കൈയേറ്റവുമാണ് പരാതിക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

നേരത്തെ, കോടതി തള്ളിയ ഒരു പരാതിയാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. 2025-ലെ പാലക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും അദ്ദേഹം പരാമർശിച്ചു.

എന്നാൽ, കോടതി രേഖകൾ പ്രകാരം, സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ കയറി കൈയേറ്റം ചെയ്തെന്ന പരാതി മാത്രമാണ് കോടതിയിലെത്തിയത്. ഈ കേസിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ഉണ്ടായിരുന്നില്ല. മർദനം ഉൾപ്പെടെയുള്ള ഐപിസി 341, 323, 324 വകുപ്പുകളാണ് ആ കേസിൽ ചുമത്തിയിരുന്നത്.

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് പോലീസ് തന്നെ തള്ളിയെന്നും അത് കോടതിയിൽ എത്തിയിട്ടില്ലെന്നും പിന്നീട് കൃഷ്ണകുമാറിന് തന്നെ സമ്മതിക്കേണ്ടിവന്നു.പാർട്ടിയിൽ പലർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന യുവതിയുടെ ആരോപണത്തിന് മറുപടിയായി, കഴമ്പുണ്ടെന്ന് തോന്നിയ പരാതികളിൽ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. അത്തരത്തിലൊരു പരാതിയെത്തുടർന്നാണ് സന്ദീപ് വാര്യരെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.