കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയ്ക്ക് നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ സിബിഐ നീക്കം.
ഇന്ന് നുണ പരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. നേരത്തെ പ്രതിക്ക് മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിൽ പ്രതിയുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.
സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ആരോപണം ഉന്നയിക്കുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയായാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. അക്രമണത്തിന് പിന്നില്‍ ഒന്നിലധികം പേരും ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കേസില്‍ ഒരു പ്രതി മാത്രമെ ഉള്ളുവെന്നാണ് പൊലീസിന്റെ നിലപാട്. സിബിഐയും ഇതുവരെ മറ്റാരെയും കേസില്‍ നേരിട്ട് പ്രതി ചേർത്തിട്ടുമില്ല.