Banner Ads

പീഡനക്കേസ്: 17-കാരിയെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 55 വർഷം തടവും 4.3 ലക്ഷം രൂപ പിഴയും

മഞ്ചേരി: 17-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 40-കാരനായ പ്രതിക്ക് 55 വർഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി.എ. ഷമീറലി മൻസൂറിനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ എട്ട് മാസവും 10 ദിവസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ, വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

2024 സെപ്റ്റംബർ 12-ന് 17-കാരിയെ ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് ഈ വിധി. കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിക്ക് നിലവിൽ 18 വർഷം കഠിന തടവിന് ശിക്ഷ ലഭിച്ച് തവനൂർ ജയിലിൽ കഴിയുകയാണ്. കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ വി. ജിഷിൽ ആണ് കേസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, ഇൻസ്പെക്ടർ കെ. നൗഫൽ പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി. സബ് ഇൻസ്പെക്ടറായ ആയിശ കിണറ്റിങ്ങൽ പ്രോസിക്യൂഷനെ സഹായിച്ചു.