
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തു കണ്ടെത്തി. ഒരു കവറിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്. വൈകുന്നേരം ഇതുവഴി വന്ന വിദ്യാർത്ഥികളാണ് ആദ്യം ഇത് കണ്ടത്. തുടർന്ന് അധികാരികളെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുവിൻ്റെ സമീപം അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടക വസ്തു നിർവീര്യമാക്കുകയും തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തൃശ്ശൂരിൽനിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ക്യാമ്പസിനകത്തേക്ക് എങ്ങനെ സ്ഫോടകവസ്തുക്കൾ എത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.