
ശബരിമല: നിറപുത്തിരി മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നാളെയാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെൽക്കറ്റകൾ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയിൽ സമർപ്പിക്കും. നാളെ പുലർച്ചെ 5 മണിക്ക് നട തുറന്ന ശേഷം നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, ഗണപതി ഹോമം എന്നിവ നടക്കും. തുടർന്ന് നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി പൂജിക്കും.
നിറപുത്തരിക്കായുള്ള നെൽക്കതിരുകളുമായിട്ടുള്ള ഘോഷയാത്ര ഇന്ന് പുലർച്ചെ 4:30-ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. നിറപുത്തിരി പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.