
തിരുവനന്തപുരം:തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് തീപിടിച്ചത്. ട്രെയിനിൻ്റെ 5 ബോഗികളിൽ നിന്ന് തീ ആളിക്കത്തി. പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്.
അഞ്ച് ബോഗികളിൽ വലിയ തോതിൽ തീപിടിത്തം ഉണ്ടായി. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക പരന്നു. സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി.പത്തിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
മറ്റ് ബോഗികളിലേക്ക് പടരാതെ തീ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ആളപായമോ ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തീപിടിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു.