
കണ്ണൂർ: ആവശ്യപ്പെട്ട പണം നൽകാത്തതിന് വൈദികനെ കുത്തി പ്രതി അറസ്റ്റിൽ, കാസർകോട് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ധനസഹായം ചോദിച്ചെത്തിയ സാവിയർ കുഞ്ഞുമോൻ എന്ന മുസ്തഫ പണം പോരെന്ന് പറഞ്ഞാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ വൈദികൻ ഫാ.ജോർജ് പൈനാടത്ത് ആശുപത്രിയിൽ ചികിത്സ തേടി. ബിഷപ്പിന്റെ നിർദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്ന ഫാ. ജോർജ് പൈനാടത്തിനെ കണ്ട് സഹായം തേടി.
എന്നാൽ മുസ്തഫ ആവശ്യപ്പെട്ട പണം നൽകാൻ വൈദികൻ തയ്യാറായില്ല. തുടർന്നാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. വൈദികന്റെ വയറിനും വലതു കൈക്കുമാണ് കുത്തേറ്റത്. വൈദികന്റെ പരിക്ക് ഗുരുതരമല്ല. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കത്തിയുമായി ബിഷപ്പ് ഹൗസിൽ എത്തിയതെന്ന് വൈദികൻ പറഞ്ഞു.