ചെങ്ങന്നൂർ :കുടുംബവഴക്കിനെ തുടർന്ന് പരാതിയിൽ വിവരം അമ്പഷിക്കാനെത്തിയ പൊലീസ് വയോധികയെ മർദ്ദിച്ചതായി പരാതി.തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് തറയിൽ ടി.ബി.രാധയ്ക്കാണ് (53) മർദ്ദനമേറ്റത്. അയൽവാസിയായ തറയിൽ പടിഞ്ഞാറേതിൽ തുളസിക്കെതിരെ പരാതി നൽകാനായി ഇവരുടെ കൂടെ താമസിക്കുന്ന ലീലാമ്മയോടൊപ്പം തിങ്കളാഴ്ച രാവിലെ രാധ ചെങ്ങന്നൂർ പൊലീസിൽ പോയിരുന്നു.
പരാതി നൽകിയശേഷം ഇരുവരും തിരികെ വീട്ടിലെത്തി. ചൊവ്വാഴ്ച പരാതിയെ കുറിച്ച് അന്വേഷിക്കാനായി ലീലാമ്മയുടെ വീട്ടിലെത്തിയ പൊലീസ് രാധയെയും വിളിപ്പിച്ചു. ഇതിനിടെ പൊലീസിന്റെ സാന്നിധ്യത്തിൽ തുളസി തന്നെ അധിക്ഷേപിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് രാധ പറയുന്നത്. ഇത്ചോദ്യം ചെയ്യപ്പോൾ പ്രിൻസിപ്പൽ എസ്.ഐ. പ്രദീപ് കൈയിലുണ്ടായിരുന്ന ഭാരമുള്ള സ്റ്റിക് ഉപയോഗിച്ച് പുറത്തും കഴുത്തിന് പിൻവശത്തും മർദ്ദിക്കുകയും കൈയ്ക്ക് ശക്തമായി അടിക്കുകയുംചെയ്തതായി രാധ പരാതിയിൽ പറയുന്നു.
രാധയുടെ കൈയിലിരുന്ന മൊബൈൽ ഫോൺ തകർത്തതായും പറയുന്നു കൈയ്യീർവീഴ്ച വന്നതോടെ രാധ ചെങ്ങന്നൂർ സ്റ്റേഷനിൽ നേരിട്ടു പോയി. സാഹചര്യം മനസ്സിലാക്കിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ രാധയെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകിയശേഷം പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിക്കുകയും ചെയ്തു. നീർവീഴ്ചയും വേദനയും അനുഭവപ്പെട്ട രാധ അടുത്ത ദിവസം ജില്ല ആശുപത്രിയിൽ വീണ്ടും ചികിത്സതേടി. എക്സ്‌റേ പരിശോധനയിൽ ഇടത് കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവും ഉള്ളതിനാൽ വിദഗ്ഗചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി പൊലീസിലും വനിരു-മനുഷ്യാവകാശ കമ്മിഷനിലും രാധ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ രാധ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് അവരെ മർദ്ദിച്ചിട്ടില്ലെന്നുമാണ് ഡിവൈ.എസ്.പി എം.കെ. ബിനു കുമാർ നൽകിയ വിശദീകരണം. രാധ തൊഴിലുറപ്പിനു പോയാണ് പ്രായമായ മാതാവിന്റെ ചികിത്സയും വീട്ടുചെലവും നടത്തുന്നത്