
തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനൊരുങ്ങുന്ന ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല.
മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു.