
ആലപ്പുഴ: കളർകോട്അപകടം പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ പറയുന്നത്
വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാൽ, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡിൽ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.മാത്രമല്ലഓവര്ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു.
കൂടുതൽ പേര് വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവൻ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു.പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു.വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വന്നു അതാണ് അപകടത്തിന്റെ ആഴം കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു.തെറിച്ചുപോയിരുന്നെങ്കിൽ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി.
14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാൽ തന്നെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാൽ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീൽ ലോക്കായി. അങ്ങനെ സംഭവിച്ചാൽ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാൽ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും.മഴ നിന്നാലും മരത്തിൽ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാൽ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറയുന്നു