വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓഫര്‍ പൊളിറ്റിക്സുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പരീക്ഷിച്ച് വിജയിച്ച അതേ രാഷ്ട്രീയ തന്ത്രം പിന്തുടര്ന്നാണ് ബിജെപിയും കോണ്‍ഗ്രസും ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം നിഴലിച്ച് നില്ക്കുന്ന ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ബിജെപി മന്ത്രിസഭയെ പരാജയപ്പെടുത്തി അധികാരം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നതെങ്കില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം. ഡല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 18 മുതല്‍ 60 വയസുവരെയുളള സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപയുമാണ് കോണ്‍ഗ്രസിന്റെ ഓഫര്‍ പൊളിറ്റിക്സ്. കൂടാതെ അധികാരത്തിലെത്തി 10 ദിവസത്തിനുളളില്‍ ക്ഷേമപെന്ഷന് പുനസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഭൂപേഷ് ഭാഗല്‍ വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ മാസം 125 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബിജെപി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 18 മുതല്‍ 60 വയസുവരെയുളള സ്ത്രീകള്‍ക്ക് 1000 രൂപയുമാണ് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫര്‍. ഇതിനിടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ പൊതുതാല്പര്യ ഹര്‍ജിയുമായി ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ദരിദ്രരായ ജനങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുതെന്ന് ആം ആദ്മി സുപ്രീംകോടതിയെ ബോധിപ്പിച്ചു. അസമത്വം നില്ക്കുന്ന സമൂഹത്തില്‍ ഇത്തരം പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ലഭിക്കുന്ന ആനുകൂല്യം സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നും ആം ആദ്മി സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ രൂപം നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുളള ഓഫര്‍ പൊളിറ്റിക്സിനെതിരെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന സൗജന്യപദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പഞ്ചാബ്, ദില്ലി, തെലങ്കാന, ബംഗാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സൗജന്യ പദ്ധതികള്‍ സാമ്പത്തിക ബാധ്യത കൂട്ടുന്നവയാണെന്നും മുന്നറിയിപ്പ് നല്കി. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ പദ്ധതികളെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയില്ല എന്നതും ശ്രദ്ധേയമാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ തുടര്‍ച്ചയായ വിജയവും പഞ്ചാബിലെ കന്നി വിജയവും ജനപ്രിയ സൗജന്യ പദ്ധതികളുടെ കരുത്തിലായിരുന്നുവെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസും സൗജന്യപദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ട് ബാങ്ക് ലക്ഷ്യമിടുന്നത്.