പഴകി തേഞ്ഞ വിശാല ഐക്യമുന്നണി എന്ന സമവാക്യവുമായി ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും പുതിയ ചുവട് വയ്പ്. എന്‍ഡിഎ വിട്ട് ജെഡിയു പുറത്തേക്ക് വരുമ്പോള്‍ ഇരുംകൈയ്യും നീട്ടി സ്വീകരിക്കുമെന്ന രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസും ആര്‍ജെഡിയും എടുത്തിരിക്കുന്നത്. വിശാലഐക്യമുന്നണി 2.0 എന്ന് പേരിട്ടിരുന്ന സഖ്യത്തിന് സിപിഎംഎല്‍ ഉള്‍പ്പെടെയുളള പ്രാദേശിക പാര്‍ട്ടികളും നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി പിന്തുണയോടെ ബീഹാറില്‍ അധികാരത്തിലേറിയ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ തുടക്കം മുതല്‍ തന്നെ കല്ലുകടി ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുളള വിഷയങ്ങളിലും ബീഹാര്‍ നിയമസഭാ സ്പീക്കര്‍ ബിജെപി എംഎല്‍എ കൂടിയായ വിജയ്കുമാര്‍ സിന്ഹയുമായുളള പോരുമാണ് ബിജെപിയുമായുളള മധുവിധുക്കാലം പകുതിയില്‍ വച്ച് അവസാനിപ്പിക്കാന്‍ നിതീഷ് കുമാറിനെ പ്രേരിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പുതിയ ഒരു സഖ്യരൂപീകരണമാണ് നിതീഷ് കുമാര്‍ ഉള്‍പ്പെടെയുളളവരുടെ ലക്ഷ്യം. അതിന് മുമ്പ് ഒരു പരീക്ഷണം എന്ന തരത്തില്‍ ബീഹാറില്‍ ആര്‍ജെഡിയുമായി സഹകരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് തേജസ്വനി യാദവിന്റെയും ജെഡിയുവിന്റെയും കണക്കുകൂട്ടല്‍. നിലവില്‍ 243 അംഗ ബീഹാര്‍ നിയമസഭയില്‍ ബിജെപിക്ക് 77 സീറ്റും ജെഡിയുവിന് 45 സീറ്റും ആര്‍ജെഡിക്ക് 79 സീറ്റുമാണ്. ആര്‍ജെഡിയുമായി ധാരണയിലെത്തുകയാണെങ്കില്‍ 124 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ സര്‍ക്കാരുണ്ടാക്കാം. അങ്ങനെ ഒരു സഖ്യരൂപീകരണം ഉണ്ടാക്കുകയാണെങ്കില്‍ തേജ്വസ്വനി യാദവിനെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം വിശാല ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വമാണ് നിതീഷ് കുമാര്‍ ഉന്നം വയ്ക്കുന്നത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജെഡിയു നിലപാടെടുത്താല്‍ ഒപ്പം നില്‍ക്കാമെന്ന വാഗ്ദാനമാണ് ആര്‍ജെഡി നല്‍കുന്നത്.
മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരം ഉറപ്പിക്കാനുളള രാഷ്ട്രീയ സമവാക്യങ്ങള്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും അണിയറയില്‍ ഒരുക്കുമ്പോള്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രം കൂടി ജെഡിയുവിനുണ്ട്. എന്നാല്‍ നിതീഷ് കുമാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മാത്രമല്ല, എന്‍ഡിഎ വിടാനുളള നിതീഷിന്റെ തീരുമാനത്തിന് മൗനാനുവാദം നല്കുന്ന സമീപനമാണ് ബിജെപി കേന്ദ്രനേതൃത്വം ഇതുവരെ കൈകൊണ്ടത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആര്‍ജെഡിയും ചേര്‍ന്ന് 110 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് വിശാല ഐക്യമെന്ന പഴയ സൂത്രവാക്യത്തെ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. 2017ല്‍ തേജ്വസ്വനി യാദവിനെതിരെയുളള അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ആര്ജെഡിയുമായുളള സഖ്യം നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കം സഖ്യത്തില്‍ വിളളലുണ്ടാക്കുമോ എന്നത് കണ്ടറിയണം. ദേശീയ പാര്‍ട്ടി എന്ന ലേബലില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിലെ പ്രമുഖ കക്ഷിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തുമ്പോള്‍ അതിന് തടയിടാനുളള നീക്കത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിതീഷ് കുമാറും. ഹാട്രിക ്വിജയം എന്ന ചരിത്രത്തിലേക്ക് ബിജെപി എത്താതിരിക്കാന്‍ ഏത് ഉടമ്പടിക്കും തയ്യാറാണെന്ന നിലപാടിലാണ് പ്രാദേശിക കക്ഷികളും.