ദശാബ്ദങ്ങളായി ആഗോള രാഷ്ട്രീയത്തിലെ പരമാധികാരികളായി നിലകൊണ്ടിരുന്ന അമേരിക്ക, ഇന്ന് തങ്ങളുടെ പദവിക്ക് ശക്തമായ വെല്ലുവിളികൾ നേരിടുകയാണ്. ശീതയുദ്ധത്തിന് ശേഷം ഏകധ്രുവലോകമായി മാറിയപ്പോൾ, ‘ലോക പോലീസ്’ എന്ന പദവിയിൽ ആഗോള കാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന അമേരിക്കൻ നയതന്ത്രത്തിന് ഇന്ന് റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ശക്തമായ പ്രതിരോധം നേരിടുന്നു. സാമ്പത്തിക, സൈനിക, രാഷ്ട്രീയ മേഖലകളിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ഈ രാജ്യങ്ങൾ അമേരിക്കൻ ആധിപത്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ആഗോള രാഷ്ട്രീയം ഒരു പുതിയ ബഹുധ്രുവ ലോകക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.