മാർച്ചുവരെയുള്ള കാലഘട്ടത്തിൽ നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. ആശയക്കുഴപ്പങ്ങളും ഭാവിയെക്കുറിച്ചുള്ള അവ്യക്തതകളും നിലനിൽക്കും. പുതിയ സംരംഭങ്ങൾ സമാരംഭിക്കാൻ ഉചിതമായ കാലമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി കിട്ടും എന്നുറപ്പിക്കാനാവില്ല. ജന്മശനി മാറുന്നത് മാർച്ചുമാസത്തിലാണ്. അതിനുശേഷം ചില നേട്ടങ്ങൾ വന്നെത്തും. എങ്കിലും 2025 ലെ കുറച്ചധികം മാസങ്ങൾ ശനി പൂരൂരുട്ടാതി നാളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒരു പ്രതികൂലമായ കാര്യമാണ്. ഉന്മേഷ രാഹിത്യത്താൽ അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞേക്കില്ല. മേയ് പകുതിയിലെ വ്യാഴമാറ്റം സൽഫലങ്ങൾക്ക് കാരണമാകും. കർമ്മരംഗത്ത് മുഴുകാൻ സാധിക്കും. കുടുംബ ജീവിതം സ്വച്ഛന്ദമാകും. കുറച്ചൊക്കെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മകളുടെ ജോലിക്കാര്യം ഫലവത്താകും. രാഹുവും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ഏറ്റവും കരുതൽ വേണ്ടതുണ്ട്.