കൊണ്ടും കൊടുത്തും, കളഞ്ഞും നേടിയും ഉള്ള ജീവിതപ്രയാണം 2025 ലും തുടരുന്നതായിരിക്കും. സ്വതന്ത്രമായ സംരംഭങ്ങൾ തുടങ്ങാൻ വർഷത്തിൻ്റെ ആദ്യപകുതി ഉത്തമമാണ്. കഴിവുകൾ നിരന്തര പരിശ്രമത്തിലൂടെ വളർത്താനാവും. പരീക്ഷണോത്സുകതയ്ക്ക് ഫലം കൈവരും. സംവാദങ്ങളിലും സിമ്പോസിയങ്ങളിലും അഭിനന്ദനം നേടുന്നതാണ്. പഠനത്തിനായോ ജോലിക്കായോ വിദേശത്തുപോകാൻ സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് സമാന്തര / സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിയുടെ രാശിമാറ്റം വ്യക്തിത്വം വികസിക്കാനും മാനസികമായി പക്വത നേടാനും ചെറുപ്പക്കാരെ സഹായിക്കും. മുതിർന്നവർക്ക് കുടുംബപരമായ സൗഖ്യം ഉണ്ടാവുന്നതാണ്. മേയ് മാസത്തിലെ വ്യാഴമാറ്റം സമ്മിശ്രഫലങ്ങൾക്ക് കാരണമായേക്കും. എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതാണ്.