ഗുണപരമായി വലിയ പരിവർത്തനങ്ങൾ വന്നുചേരുന്ന വർഷമാണ്. എന്നാൽ തുടക്കത്തിലെ മൂന്നുമാസങ്ങൾക്ക് ആ വിധമുള്ള മെച്ചം ഉണ്ടായേക്കില്ല. കാര്യസാദ്ധ്യത്തിന് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ബന്ധുകലഹം മനക്ലേശമുണ്ടാക്കും. സ്വകാര്യ ജീവിതത്തിൽ ചിലരുടെ അനാവശ്യമായ കടന്നുകയറ്റം വിഷമിപ്പിക്കാം. കടബാധ്യതകളാൽ സ്വൈരക്കേടുണ്ടാവും. ശനി മാർച്ച് 29 ന് ജന്മരാശിയിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. ജന്മശനിയുടെ ക്ലേശങ്ങൾ നീങ്ങും. സമ്മർദ്ദങ്ങൾ ഒഴിവാകുന്നതാണ്. മേയ് മാസം പകുതിയിലെ വ്യാഴമാറ്റം ഏറ്റവും അനുകൂലമാണ്. മനസ്സിൽ നല്ലകാര്യങ്ങൾ ഇടം പിടിക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മക്കൾക്ക് നാനാപ്രകാരേണ വളർച്ച വന്നുചേരുന്നതായിരിക്കും. തൊഴിലിൽ നേട്ടമുണ്ടാകും. ധനോന്നതി സ്വാഭാവികമായി പ്രതീക്ഷിക്കാം.