ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി. ബിജെപി, ജെഡിയു – 101 സീറ്റുകളിൽ; ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റുകൾ. അനുനയ നീക്കങ്ങളിലൂടെയാണ് ചിരാഗിനെ സഖ്യത്തിൽ ഉറപ്പിച്ചത്. മറുവശത്ത്, അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും സർക്കാർ ജോലി നൽകുമെന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിക്കുന്നു. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുന്നു. ഇതിനിടെ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഐക്യം ശക്തിപ്പെടുത്താൻ അഖിലേഷ് യാദവ് അസം ഖാനുമായി കൂടിക്കാഴ്ച നടത്തി. ഒബിസി സംവരണം വിഭജിക്കണമെന്ന ആവശ്യവുമായി ഓം പ്രകാശ് രാജ്ഭറും സജീവമാകുന്നു.