ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസ്സി MLS-ൽ തൻ്റെ മായാജാലം തുടരുന്നു. ഇൻ്റർ മയാമിക്കുവേണ്ടി തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോൾ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് അർജൻ്റീനൻ നായകൻ. നാഷ്‌വില്ലെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് മയാമി വീഴ്ത്തിയ മത്സരത്തിൽ മെസ്സിയുടെ അവിശ്വസനീയ പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. 17-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട മെസ്സി, 62-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഇരട്ടഗോൾ നേടുന്ന ആദ്യ MLS താരമെന്ന അപൂർവ റെക്കോർഡ് മെസ്സി സ്വന്തമാക്കി. മൊൺട്രിയൽ, കൊളംബസ്, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ എന്നിവർക്കെതിരെയും മെസ്സി നേരത്തെ ഡബിളടിച്ചിരുന്നു. മെസ്സിയുടെ ഈ പ്രകടനം ഇൻ്റർ മയാമിക്ക് ലീഗിൽ ഈസ്റ്റേൺ കോൺഫറൻസിൽ അഞ്ചാം സ്ഥാനത്തെത്താൻ സഹായകമായി.