ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലേക്ക് കാതോർക്കുകയാണ് കായിക ലോകം. ഒമാനിലെ യുഎഇ-കുവൈത്ത് യോഗ്യതാ മത്സരത്തോടെ ഏഷ്യാ കപ്പിന്റെ ആവേശം തുടങ്ങുകയായി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഈ മിനി ലോകകപ്പിനോട് ഇത്തവണ മലയാളിക്ക് ഒരു പൊടി ഇഷ്ടം കൂടുതലുണ്ട്. കാരണം അവിടെ ഒരു മലയാളിപ്പയ്യൻ, തലശ്ശേരിക്കാരൻ സിപി റിസ്വാൻ നാളെ കളത്തിലിറങ്ങും. വെറും താരമായല്ല, യുഎഇ ടീമിന്റെ നായകനായി. ആ അഭിമാന മുഹൂർത്തത്തിന് സാക്ഷി ആവാനുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളിയും. റിസ്വാന് പുറമേ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ മലയാളികളും യുഎഇ ടീമിലുണ്ട്.
പല പ്രഗൽഭരായ താരങ്ങളെയും പോലെ ബോളറായി എത്തി ബാറ്ററായ താരമാണ് റിസ്വാൻ. കേരളത്തിൻ്റെ അണ്ടർ-17, അണ്ടർ-19, അണ്ടർ-22, അണ്ടർ-25 ടീമുകളിൽ കളിച്ചിട്ടുള്ള റിസ്വാൻ അണ്ടർ-25 ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ട് വർഷം കേരളാ രഞ്ജി ടീമിൽ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അങ്ങനെയിരിക്കെ യുഎഇലെത്തിയതോടെയാണ് റിസ്വാന്റെ തലവര മാറിയത്. 2019 ൽ നേപ്പാളിനെതിരെയായിരുന്നു റിസ്വാന്റെ അരങ്ങേറ്റം. 29 ഏകദിനങ്ങളിൽ 736 റൺസും 7 ടി 20 മത്സരങ്ങളില്‍ നിന്ന് 100 റണ്‍സുമാണ് സമ്പാദ്യം. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ സെഞ്ച്വറി നേടി. മലയാളി ക്രിക്കറ്റർ എന്ന നിലയിൽ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സഞ്ജു സാംസണിന് പോലും ഇല്ലാത്ത ഒരു റെക്കോർഡും റിസ്വാന് ഉണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ചിട്ടുളള ഏക മലയാളി റിസ്വാനാണ്. യോഗ്യത മത്സരം UAE ജയിച്ചാൽ….പിന്നെ ഓഗസ്റ്റ് 31ന് ദുബായ് സ്റ്റേഡിയത്തിലെ ഇന്ത്യ-യുഎഇ പോരാട്ടത്തിന് കാത്തിരിക്കാം. ഒരു വശത്ത് ടോസിടാൻ രോഹിത് ശർമ്മ എത്തുമ്പോൾ മറുവശത്ത് നായകന്റെ ബ്ലേസർ അണിഞ്ഞ് ഈ മുപ്പത്തിനാലുകാരനും ഉണ്ടാകും. കേരളത്തിന്റെ അഭിമാനമായി. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളദേശ്, അഫ്ഘാനിസ്ഥാൻ ടീമുകളുമായും യുഎഇക്ക് മത്സരങ്ങളുണ്ടാകും.
വിൻഡീസിനെതിരായ മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന സഞ്ജുവിനോട് ഈസി ചേട്ടാ എന്ന് സഹതാരം റിഷഭ് പന്ത് പറയുന്ന വീഡിയോ വൈറലായിരുന്നു. ഒരു കാലത്ത് ഉത്തരേന്ത്യൻ ആധിപത്യം കൊടികുത്തി വാണിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ പ്രാദേശിക കളിക്കാർക്ക് ഇന്നുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ. സഞ്ജുവിന് ശേഷം ലോകം ചർച്ച ചെയ്യാൻ പോകുന്ന മലയാളി ക്രിക്കറ്റർ എന്ന പദവിയിലേക്കാണ് റിസ്വാന്റെ യാത്ര. അത് വിജയിച്ചാൽ നാളെ മുഴുവൻ യുഎഇ ടീമും മലയാളം പറയുന്ന കാലം വിദൂരമല്ല. മലയാളികൾ അല്ലെങ്കിലും അങ്ങനെയാണല്ലോ?.