Banner Ads

പ്ര​ഗ്യാനന്ദ……കാൾസന് ഒത്ത എതിരാളി

എനിക്ക് നല്ല എതിരാളികളില്ല. അവരിൽ നിന്നും പ്രചോദനമൊന്നും ലഭിക്കുന്നില്ല. അതുകൊണ്ട് അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കുന്നില്ല.” 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിരുന്ന മാഗ്നസ് കാൾസന്റെ വാക്കുകൾ. പക്ഷേ കഴിഞ്ഞ ദിവസം എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൽ ഇന്ത്യയുടെ 17 കാരൻ പയ്യൻ ആർ പ്ര​ഗ്യാനന്ദ, ചതുരം​ഗപ്പലകയിലൊരുക്കിയ ചക്രവ്യൂഹത്തിൽ പെട്ട് ഉഴറിയപ്പോൾ കാൾസന് തന്റെ ഈ വാക്കുകളോർത്ത് കുറ്റബോധം തോന്നിയിരിക്കാം. എന്നാൽ ഒരു നിമാഷാർദ്ധം പോലും അവസരം നൽകാതെ പ്ര​ഗ്നാനന്ദയുടെ കരുക്കൾ മുന്നേറിയപ്പോൾ കാൾസൻ പരാജയം രുചിച്ചു. അഞ്ച് തവണ ലോക ചാമ്പ്യനായ ഒരാൾ തന്റെ അനുഭവസമ്പത്തിന്റെ പ്രായമുള്ള പയ്യനോട് പരാജയപ്പെട്ടിരിക്കുന്നു. അതും തുടർച്ചയായ മൂന്നാം തവണ. ഇടം വലം തിരിയാൻ കഴിയാതെ കഷ്ടപ്പെട്ടപ്പോൾ കാൾസൻ ചോദിച്ചു. നമുക്ക് ഇത് ഇവിടെ നിർത്താം…സമനില. ഒട്ടും ആലോചിക്കാതെ പ്ര​ഗ്യാനന്ദയുടെ മറുപടി. ഇല്ല…ഫലം എന്ത് തന്നെ ആയാലും ഇവിടെ നിന്ന് മടങ്ങുന്നത് മത്സരം പൂർത്തിയാക്കി മാത്രം. അനിവാര്യമായ തോൽവിയെ അം​ഗീകരിക്കുകയല്ലാതെ കാൾസന് മറ്റ് മാർ​ഗങ്ങളൊന്നുമില്ലായിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് പ്ര​ഗ്യാനന്ദ കാൾസനെ ആദ്യം അട്ടിമറിച്ചത്. അതോടെ ലോകം ശ്രദ്ധിക്കുന്ന താരമായി. പിന്നീട് മെയിലും വിജയം ആവർത്തിച്ചു. മത്സരത്തിന് മുമ്പ് വേദിക്ക് പുറത്തെ ഇടനാഴിയിൽ ആരാധകരാൽ ചുറ്റപ്പെട്ട് കാൾസൻ നിൽക്കുമ്പോൾ തൊട്ടപ്പുറത്ത് പരിശീലകനോടൊപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന പ്ര​ഗ്യാനന്ദയുടെ ഫോട്ടോ ഇപ്പോൾ വൈറലാണ്. കാൾസന്റെ വീഴ്ച എത്ര ഉയരത്തിൽ നിന്നാണെന്ന് വ്യക്തമാക്കുന്നതാണ് ആ ചിത്രം. തുടർച്ചയായ ഈ മൂന്നു തോൽവികൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല എന്നായിരുന്നു തോൽവിക്ക് ശേഷമുള്ള കാൾസന്റെ മറുപടി. കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ കാൾസന് ഉറക്കം നഷ്ടപ്പെട്ടെങ്കിൽ അത് തന്നെയാണ് പ്ര​ഗ്യാനന്ദ എന്ന ചെസ് മാസ്റ്ററുടെ വിജയം.

ഇനി ഇതുവരെ കളിച്ച രീതികളും തന്ത്രങ്ങളും മതിയാവില്ല കാൾസന് വിജയം നേടാൻ. ആയുധങ്ങൾ കൂടുതൽ മൂർച്ച കൂട്ടേണ്ടി വരും. സ്വയം നവീകരിക്കേണ്ടി വരും. ഒരു പക്ഷേ ചെറുത്ത് നിൽപ്പ് പോലുമില്ലാതെ കീഴടങ്ങുന്ന എതിരാളികളെ മാത്രം കണ്ട് ശീലിച്ച കാൾസനും ഇങ്ങനെ ഒരു മാറ്റം ആ​ഗ്രഹിച്ചിരിക്കാം. താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാകുന്ന ബ്ലിറ്റ്സ്, റാപ്പിഡ് തുടങ്ങിയ ഇനങ്ങളിൽ നിന്നും ഏറ്റവും ദൈർഘ്യമേറിയ ക്ലാസിക്കൽ ചെസിലേക്ക് എത്തുമ്പോൾ താൻ ആരാണെന്നും എന്താണെന്നും എതിരാളിക്ക് കാണിച്ചുകൊടുക്കാൻ കാൾസൻ താൽപ്പര്യപ്പെടുന്നുണ്ടാകും. അത് കൊണ്ട് പ്രിയപ്പെട്ട മാ​ഗ്നസ് കാൾസൻ, താങ്കൾക്ക് തീരുമാനം പിൻവലിച്ച് കളി തുടരാം. ഒത്ത എതിരാളി ഇവിടെ തയ്യാറാണ്. രമേശ് ബാബു പ്ര​ഗ്യാനന്ദ.

Leave a Reply

Your email address will not be published. Required fields are marked *