ചന്തയിലെ അക്രമണം ഉഗ്രമായിരുന്നു. പലര്‍ക്കും പരിക്കേറ്റു. പല പീടികകളും എരിഞ്ഞുനശിച്ചു. നായര്‍- മുസ്ലിം സംഘടിതശക്തി ഈഴവരെ നേരിട്ടു. ഈഴവര്‍ പിന്‍വാങ്ങേണ്ടിവന്നു. അവര്‍ പാലത്തിനപ്പുറം കടന്നിട്ടു പാലം തകര്‍ത്തുകളഞ്ഞു……. പാലം തകര്‍ത്തു! അതോടുകൂടി കിഴക്കേക്കരയും പടിഞ്ഞാറേക്കരയും തമ്മിലുള്ള ബന്ധം ഛേദിക്കപ്പെട്ടു. അതോടുകൂടി ഉച്ചനീചത്വത്തില്‍ അധിഷ്ഠിതമെങ്കിലും മനുഷ്യര്‍ തമ്മിലുള്ള നീണ്ടകാലത്തെ ബന്ധം വിച്ഛേദിക്കപ്പെട്ടു’
ഒരു പ്രദേശത്ത് ഇരുകരകളിലായി കഴിഞ്ഞിരുന്ന ജാതിസമൂഹങ്ങള്‍ ആധുനികതയില്‍ കെട്ടിപ്പോക്കിയ പാലംതകര്‍ത്ത് അവരുടെ ബന്ധം വിച്ഛേദിക്കുന്ന കഥ കേശവദേവിന്റെ അയല്‍ക്കാർ എന്ന നോവലില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.