ചെറായി:തലയിൽ കൃത്രിമമായി മുടിവെച്ചു യുവാവ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറുപറമ്ബിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ സനിൽ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
പനമ്ബിള്ളിനഗറിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിച്ചത്. മാർച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങുകയായിരുന്നു. വൈകാതെ അസഹനീയ തലവേദനയായി തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകൾ കഴിക്കാനായിരുന്നു നിർദേശിച്ചത്.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു.ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും.