Banner Ads

ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കണം, 11 മുതൽ 3 വരെ വെയിൽ വേണ്ട; കനത്ത ചൂടിൽ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കണ്ണൂർ : കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ ഈ സമയം ഒഴിവാക്കി ജോലി ക്രമീകരിക്കണം. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ച് നിർജ്ജലീകരണം തടയണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

എന്നാൽ അമിത മധുരമുള്ള പാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് വീടിനുള്ളിൽ പോലും സൂര്യാഘാതത്തിന് സാധ്യതയുണ്ട്. ഇവർ വായുസഞ്ചാരമുള്ള മുറികളിൽ കഴിയുന്നുവെന്ന് ഉറപ്പാക്കണം. കനത്ത ചൂട് മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുമെന്നതിനാൽ അവയ്ക്കും തണലും കുടിവെള്ളവും ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

അമിതമായ തളർച്ച, തലകറക്കം, ചർമ്മത്തിൽ ചുവപ്പ് നിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യമായ ജലാംശം ശരീരത്തിൽ ഉണ്ടെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം.