
തിരുവനന്തപുരം: റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനാണ് പരിക്കേറ്റത്. രാവിലെ 6.30 ഓടെ ബ്രൈമൂർ റോഡിൽ വെച്ചാണ് സംഭവം. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ജിതേന്ദ്രന് നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു.
വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നാലെയെത്തിയ ആന യുവാവിനെ ചവിട്ടി. വീഴ്ചയിൽ ജിതേന്ദ്രന്റെ ഇടതു വാരിയെല്ലുകൾക്ക് പരിക്കേറ്റു. തുടർന്ന്, ഇതുവഴി വന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.