
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കെഎസ്ആർടിസി. തീർത്ഥാടകർക്കായി വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പമ്പയിലും നിലയ്ക്കലുമായി ചെയിൻ സർവീസിനും ദീർഘദൂര സർവീസിനുമായി 203 ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ യൂണിറ്റുകളിൽ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരമുള്ള തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകൾ ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം തുടങ്ങിയ യൂണിറ്റുകളിൽ നിന്ന് മതിയായ യാത്രക്കാർ ഉണ്ടെങ്കിൽ ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സർവീസുകൾക്കിടയിൽ വാഹനങ്ങൾക്ക് ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായിരിക്കും. അടിയന്തര സഹായത്തിനായി കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.
പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമ ബോർഡുകൾ സ്ഥാപിക്കും. ഭാഷാ പ്രശ്‌നമില്ലാതെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഡെസ്റ്റിനേഷൻ നമ്പറുകൾ വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.