
തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ യാത്രയെക്കുറിച്ച് ദുരൂഹതയുണ്ടെന്ന ആരോപണവുമായി കെ എസ് യു. പുലർച്ചെ പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രി ഇതുവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം മന്ത്രിക്ക് ഗുരുതര പരിക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിച്ചിരുന്നത്.
മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കോ കോട്ടയത്തെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലേക്കോ പോയതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മന്ത്രി വരുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരും വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസും പാർട്ടിയും ഈ വിഷയത്തിൽ മറുപടി പറയണമെന്ന് മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിലൂടെ കുറിച്ചു.