തിരുവനന്തപുരം: തിരുവനന്തപുരം തലസ്ഥാനത്ത് പനച്ചമൂട് റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ മീൻ ലോറി ഇടിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തിരക്കേറിയ പനച്ചമൂട്-പുളിമൂട് ജംഗ്ഷന് ഇടയിലാണ് ഈ ആംബുലൻസ് പതിവായി പാർക്ക് ചെയ്യുന്നത്.
ആംബുലൻസ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് ഇതിനോടകം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പലതവണ പരാതി നൽകിയിട്ടും ആംബുലൻസ് മാറ്റിയിടാൻ ഡ്രൈവർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. നേരത്തെ രോഗികളുമായി എത്തിയ ആംബുലൻസ് ഉൾപ്പെടെ ഈ വാഹനത്തിൽ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്.
ഇന്നലെ പുലർച്ചെ മത്സ്യം കയറ്റിവന്ന ലോറി തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായെങ്കിലും മത്സ്യ വ്യാപാരികൾ ഉടൻ ഇടപെട്ട് മിനി ലോറി മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.