Banner Ads

വിശാൽ വധക്കേസ്; 13 വർഷത്തെ നിയമപോരാട്ടം അവസാനിക്കുന്നു, മാവേലിക്കര കോടതി നാളെ വിധി പറയും

മാവേലിക്കര : എ ബി വി പി പ്രവർത്തകൻ വിശാൽ വധക്കേസിൽ നാളെ വിധി പറയും. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പൂജ പി പി ആണ് വിധി പറയുന്നത് . 2012 ജൂലൈ 16 ന് നടന്ന കൊലപാതകത്തിൽ നീണ്ട 13 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനിടെയാണ് എ ബി വി പി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റായിരുന്ന വിശാൽ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് എട്ട് പേർക്കും അന്ന് പരിക്കേറ്റിരുന്നു. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ കുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് വിശാൽ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന തെളിവായി ഹാജരാക്കി.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയൽ കാർഡും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത ആയുധങ്ങളും കേസിൽ നിർണ്ണായകമായി. ലോക്കൽ പോലീസ് അന്വേഷണം തുടങ്ങി പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിലാണ് നാളെ അന്തിമ വിധി വരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കൽ ഉൾപ്പെടെയുള്ള സംഘമാണ് ഹാജരായത്.