
കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ തനിക്കും യുഡിഎഫ് പ്രവർത്തകർക്കും നേരെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമുള്ള ആസൂത്രിത അക്രമമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.പി. അബ്ദുൾ റഷീദ്. തന്നെയും പ്രവർത്തകരെയും ഭയപ്പെടുത്തി പ്രചാരണ രംഗത്തുനിന്ന് പിന്തിരിപ്പിക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചക്കരക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ചരക്കണ്ടി പഞ്ചായത്തിലെ കൈതപ്രത്തെ സമാപന പരിപാടി കഴിഞ്ഞ് മുഴപ്പാലയിലേക്ക് മടങ്ങുമ്പോഴാണ് സി.പി.എം സംഘം അക്രമം അഴിച്ചുവിട്ടത്.പ്രചാരണ വണ്ടിക്ക് കുറുകെ ബൈക്ക് വച്ച് ലോക്ക് ചെയ്ത് വഴി തടസ്സപ്പെടുത്തി.വാഹനത്തിൽ നിന്നിറങ്ങി കാര്യം തിരക്കിയ തന്നോട് സി.പി.എം പ്രവർത്തകർ കയർക്കുകയും തള്ളിമാറ്റി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും എല്ലാത്തിനെയും കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.”ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവർക്കും പ്രചാരണം നടത്താൻ അവകാശമുണ്ട്. സി.പി.എം സ്വാധീന മേഖലയായ കൈതപ്രത്ത് യുഡിഎഫിന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഭയപ്പാടോടെയാണ് പ്രവർത്തകർ അവിടെ പ്രചാരണം നടത്തുന്നത്.
ധർമ്മടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ തോൽവി ഉറപ്പായതോടെ അക്രമത്തിലൂടെ കീഴ്‌പ്പെടുത്താനാണ് സി.പി.എം ശ്രമം.” – അബ്ദുൾ റഷീദ് ആരോപിച്ചു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഗുണ്ടായിസമെന്നും കമൽഹാസനെയും വേടനെയും പോലുള്ള താരപ്രചാരകരെ കൊണ്ടുവന്നാലും ധർമ്മടത്ത് ഇത്തവണ പിണറായി വിജയന് വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമം കൊണ്ട് യുഡിഎഫിനെ തളർത്താനാവില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.