Banner Ads

വാഹന രൂപമാറ്റം വെറും പച്ചക്കള്ളം; സതീശന്റെ വാഗ്ദാനങ്ങളെ തള്ളി ഗണേഷ് കുമാർ

കൊല്ലം : പത്തനാപുരത്ത് ഇത്തവണയും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെബി ഗണേഷ് കുമാർ. വോട്ട് ചെയ്ത ശേഷം വോട്ടർമാർ നേരിട്ടെത്തി തനിക്ക് പിന്തുണ അറിയിക്കുന്നുണ്ടെന്നും മണ്ഡലത്തിൽ കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരിനെതിരെ ജനവികാരമില്ല. ന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണ ഇടതുമുന്നണിക്കുണ്ട്. സതീശൻ തള്ളിന്റെ ആശാൻ ആണെന്നും കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം പറഞ്ഞതൊന്നും സത്യമായിട്ടില്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

വയനാട്ടിൽ വീട് നിർമ്മിച്ച് നൽകാൻ പോലും കഴിയാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു. ഇത്തവണ പോളിംഗിൽ വൻ വർദ്ധനവ് ഉണ്ടായിട്ടില്ല. ആറ് ശതമാനമെങ്കിലും കൂടിയാലേ അതിനെ അസാധാരണമെന്ന് പറയാനാകൂ. കഴിഞ്ഞ തവണയും യുഡിഎഫ് വിജയം അവകാശപ്പെട്ടിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന വിഡി സതീശന്റെ വാഗ്ദാനം പച്ചക്കള്ളമാണ്. കേന്ദ്ര നിയമത്തെയും കോടതി ഉത്തരവിനെയും മറികടക്കാൻ സതീശനല്ല രാഹുൽ ഗാന്ധി വന്നാലും കഴിയില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.