Banner Ads

ജനഗണമനയ്‌ക്കൊപ്പം ഇനി വന്ദേമാതരവും; എല്ലാ ചടങ്ങുകളിലും ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം.

ദില്ലി: രാജ്യത്ത് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇനി മുതൽ ദേശീയഗീതമായ ‘വന്ദേമാതര’വും നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ദേശീയഗാനത്തിന് തൊട്ടുമുമ്പായി വന്ദേമാതരത്തിലെ ആറ് ചരണങ്ങളും ആലപിക്കണമെന്നാണ് പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ദേശീയഗീതത്തിന്റെ പ്രചാരം വർധിപ്പിക്കുന്നതിനും മാതൃരാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമാണ് ഈ നീക്കം. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകൾ, രാഷ്ട്രപതിയും ഗവർണർമാരും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ എന്നിവയിൽ വന്ദേമാതരം ആലപിക്കണം.

3 മിനിറ്റും 10 സെക്കൻഡുമാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ള ദൈർഘ്യം.സ്കൂൾ അസംബ്ലികൾ വന്ദേമാതരം ആലപിച്ചുകൊണ്ട് വേണം ആരംഭിക്കാൻ. വിദ്യാർത്ഥികൾക്കിടയിൽ ദേശീയബോധം വളർത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാ പൗരന്മാരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. എന്നാൽ സിനിമാ പ്രദർശനം, ഡോക്യുമെന്ററികൾ, ന്യൂസ് റീലുകൾ എന്നിവയ്ക്കിടെ ഇത് പ്ലേ ചെയ്യുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.

പൊതുചടങ്ങുകളിൽ ജനങ്ങൾക്ക് പാടാൻ സൗകര്യത്തിനായി വരികൾ അച്ചടിച്ച ലഘുലേഖകൾ വിതരണം ചെയ്യണം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേമാതരം ആലപിക്കാവുന്നതാണ്.രാഷ്ട്രപതി റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും വന്ദേമാതരം ആലപിക്കണം. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കും ഇത് ബാധകമാണ്.

2025 ഡിസംബറിലെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം വരുന്നത്. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും കോൺഗ്രസ് മുൻപ് വരികൾ വെട്ടിമാറ്റിയതിനെക്കുറിച്ചും ഭരണപക്ഷം ഉന്നയിച്ച വിമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയഗീതത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.