മലപ്പുറം: താന്‍ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് സ്വീകരിച്ചില്ലെങ്കില്‍ അനുയായി ആയി തുടരുമെന്നും പി വി അന്‍വര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പി വി അൻവർ പറഞ്ഞു.പിണറായിസത്തിനെതിരായ പോരാട്ടം തുടരും. ഡിഎംകെ ഉണ്ടാക്കിയതും താന്‍ ഈ കോലത്തിലായതും പിണറായിസത്തെ എതിര്‍ത്തതിനാലാണ്.
ഡിഎംകെ പാര്‍ട്ടിയായി നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണു. പിണറായി സര്‍ക്കാരിനെ തകര്‍ത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകും. പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. യുഡിഎഫുമായി കൈകോര്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ്.
അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നില്‍ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട എന്നും അന്‍വര്‍ പ്രതിപാദിച്ചു