
തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ പങ്കാളിത്തമുണ്ടെന്ന ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. തൃശ്ശൂർ മാളയിൽ നടന്ന യുഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
കേരളത്തിൽ ഒരു വശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫ്-ബിജെപി പാർട്ടണർഷിപ്പ് സഖ്യവുമാണ് മത്സരിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു. ബിജെപിക്കും മോദിക്കും ഭീഷണിയുയർത്തുന്ന ഏക പാർട്ടി കോൺഗ്രസ് ആണെന്ന് അവർക്കറിയാം. എപ്പോഴും മതത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ല.
ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ഈ വിഷയം ബോധപൂർവ്വം മറന്നുപോകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. താൻ മോദിയെ വിമർശിച്ചപ്പോൾ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അഴിമതി ആരോപണങ്ങൾ നേരിടുന്ന പിണറായി വിജയനെയോ കുടുംബത്തെയോ തേടി കേന്ദ്ര ഏജൻസികൾ എത്തുന്നില്ല.
പിണറായി വിജയൻ പ്രധാനമന്ത്രിയെ ആക്രമിക്കുന്നില്ല. പകരം കോൺഗ്രസിനെയാണ് ലക്ഷ്യം വെക്കുന്നത്. ഇത് ഇരുവർക്കും ഇടയിലുള്ള രാഷ്ട്രീയ പങ്കാളിത്തത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.