Banner Ads

ടിവികെയുടെ ആദ്യ യോഗം നീട്ടി; വിജയ്‌ക്ക് സേലത്ത് വിലക്ക്, സുരക്ഷാ കാരണങ്ങൾ നിരത്തി പൊലീസ്

ചെന്നൈ : തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് സേലത്ത് നടത്താനിരുന്ന പൊതുയോഗത്തിന് അനുമതി നിഷേധിച്ചു. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷയാണ് ജില്ലാ പൊലീസ് മേധാവി നിരസിച്ചത്. ഡിസംബർ നാല് കാർത്തിക ദീപം ആഘോഷത്തിന്റെ സമയമാണ്. അതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലികൾക്കായി ഭൂരിഭാഗം പോലീസുകാരെയും നിയോഗിക്കേണ്ടതുണ്ടെന്ന് എസ്.പി. പറഞ്ഞു.

ഡിസംബർ ആറിന് ബാബ്രി മസ്ജിദ് ദിനമായതിനാൽ പൊതുയോഗങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും പോലീസ് അറിയിച്ചു. എന്നാൽ മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. കരൂർ ദുരന്തത്തിന് ശേഷം ടിവികെ നിശ്ചയിച്ചിരുന്ന ആദ്യ സംസ്ഥാനതല യോഗമാണ് സേലത്ത് വെച്ച് നടത്താൻ പദ്ധതിയിട്ടിരുന്നത്. നിലവിൽ ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ നൽകാൻ ടിവികെ ആലോചിക്കുന്നുണ്ട്.

സംസ്ഥാന പര്യടനത്തിന് വിജയ്‌ക്ക് അനുമതി നൽകുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഭരണകക്ഷിയായ ഡിഎംകെ പൊതുവായി സ്വീകരിച്ചിരിക്കുന്നത്. വിജയ്‌യെ തടഞ്ഞുകൊണ്ട് ഒരു സഹതാപ തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. കൂടാതെ വിജയ് വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയുടെ മാധ്യമ ശ്രദ്ധ കുറയുമെന്നും ഡിഎംകെ കണക്കുകൂട്ടുന്നു.