Banner Ads

യാത്രകൾ ഇനി തടസ്സമില്ലാതെ; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്, ഇൻഡിഗോയുടെ പൂർണ്ണ നെറ്റ്‌വർക്ക് പത്തിന്

ദില്ലി : വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ച് ഇൻഡിഗോ എയർലൈൻസ്. കേന്ദ്ര സർക്കാരിന്റെ അന്തിമ നിർദ്ദേശത്തെ തുടർന്നാണ് റീഫണ്ട് നടപടികൾ ഇൻഡിഗോ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3000ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

പ്രതിദിനം ഏകദേശം 2300 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ പ്രതിസന്ധിക്ക് ശേഷം ശനിയാഴ്ച 1500ലധികം സർവീസുകളും ഞായറാഴ്ച 1650 സർവീസുകളും നടത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബർ പത്തോടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ എയർലൈൻസ് പ്രതീക്ഷിക്കുന്നത്.