
ചിക്കമഗളൂരു : കർണാടകയിലെ ബാബാ ബുധൻ ഗിരിയിൽ വിനോദസഞ്ചാരത്തിനെത്തിയ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ കാണാതായത്.
പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെട്ട പ്രത്യേക ടാസ്ക് ഫോഴ്സാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. കൊടുംകാറ്റും മൂടൽമഞ്ഞും തിരച്ചിലിന് തടസ്സമായെങ്കിലും തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കൊക്കയിൽ തിരിച്ചറിഞ്ഞത്.
1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുടർച്ചയായ നാലാം ദിവസമാണ് തിരച്ചിൽ ഫലം കണ്ടത്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
മകളെ ആരെങ്കിലും ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയതോടെ അപകടമാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.