തൃശൂർ : ദേശീയപാതകളിലൂടെയുള്ള യാത്ര തടസ്സമില്ലാത്തതും കൂടുതൽ ഡിജിറ്റലുമാക്കുന്നതിൻ്റെ ഭാഗമായി ടോൾ പിരിവിൽ പുതിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം. സാധുവായ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ടോൾ പിരിവിലാണ് ഈ മാറ്റങ്ങൾ. 2025 നവംബർ 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ നിയമമനുസരിച്ച് ഫാസ്ടാഗിൽ പ്രശ്നമുണ്ടെങ്കിൽ (ബാലൻസ് കുറവോ സാങ്കേതിക തകരാറോ കാരണം) അല്ലെങ്കിൽ ഫാസ്ടാഗ് ഇല്ലെങ്കിൽ പണം നൽകിയാലും ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയാലും സാധാരണ ടോൾ നിരക്കിന്റെ ഇരട്ടി (2 മടങ്ങ്) നൽകേണ്ടിയിരുന്നു. നവംബർ 15 മുതൽ ഈ രീതിയിൽ മാറ്റം വരും. ഇനി ഫാസ്ടാഗ് ഇല്ലാത്തവർ പണമായി നൽകിയാൽ മാത്രം നിലവിലെ പോലെ ഇരട്ടി (2 മടങ്ങ്) ടോൾ തുക നൽകേണ്ടിവരും.