Banner Ads

ഒരു മണിക്കൂറിൽ മൂന്ന് മാലകൾ; തലശ്ശേരിയിലെ മാല മോഷണത്തിന്റെ ചുരുളഴിഞ്ഞു, പ്രതി പിടിയിൽ

മാഹി: തലശ്ശേരിയിലും കുത്തുപറമ്പിലും സ്കൂട്ടറിൽ കറങ്ങി മാല പൊട്ടിച്ച കള്ളനെ ന്യൂ മാഹി പോലീസ് പിടികൂടി. കാസർഗോഡ് മേൽപറമ്പ് സ്വദേശി മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറുകൾക്കുള്ളിൽ മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ സ്വർണമാലകൾ കവർന്നത്. ഭാര്യയുടെ യമഹ ഫസീനോ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം ഇയാൾ മോഷണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഷംനാസിനെതിരെ മോഷണം, ലഹരി കടത്ത് ഉൾപ്പെടെ 15-ഓളം കേസുകൾ കാസർഗോഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 12 എണ്ണവും മോഷണക്കേസുകളാണ്. രണ്ട് മാസങ്ങൾക്ക് മുൻപ് നാദാപുരത്തും ഇയാൾ സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നു, എന്നാൽ അന്ന് പോലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും മോഷണം നടത്തിയത്. തുടർന്ന്, പ്രതി സഞ്ചരിച്ച വഴികളിലെ 150-ൽ അധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും ബേക്കൽ പോലീസിന്റെ സഹായത്തോടെയുമാണ് പ്രതിയെ കാസർഗോഡ് വെച്ച് പിടികൂടിയത്. ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.