റിയാദ് : ഗുരുതര ആരോഗ്യ പ്രശ്നമുള്ള തീർഥാടകരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ഹജ്ജ് വേളയിൽ ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ് ഈ നടപടി. ഡയാലിസിസ് രോഗികള്‍, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികള്‍ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല.
നിലവിൽ അപേക്ഷിച്ചിട്ടുള്ളവരിൽ ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്ക് ഇതോടെ അവസരം നഷ്ടമാകും. കൃത്യമായ ആരോഗ്യപരിശോധന ഉറപ്പാക്കാൻ സൗദി അറേബ്യ ഓരോ രാജ്യങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ നിയമം ലംഘിച്ച് വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം നിഷേധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക നിയമപ്രകാരം ആരോഗ്യവും സാമ്പത്തികശേഷിയുമുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളത്.
അടുത്ത വർഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂളും സൗദി പുറത്തിറക്കിയിട്ടുണ്ട്.ഏപ്രിൽ 18-ന് ആദ്യ വിമാനം സൗദിയിലെത്തും. ഇന്ത്യയിൽ നിന്നും ആദ്യ ദിവസം തന്നെ സർവീസുണ്ടാകും. ഇത്തവണത്തെ ഹജ്ജ് മെയ് അവസാനത്തിലാണ്. മെയ് 30 മുതൽ ഹാജിമാർ മടങ്ങിത്തുടങ്ങും. വിമാനക്കമ്പനികൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.