Banner Ads

എന്റെ കുടുംബം തകർക്കാൻ നോക്കി, പക്ഷേ ഞാൻ തളരില്ല; ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്

തിരുനെൽവേലി : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റത്തിന് തുടക്കമിട്ട തമിഴക വെട്രി കഴകത്തെ തകർക്കാൻ ഡിഎംകെ സർക്കാർ ഹീനമായ മാർഗങ്ങൾ സ്വീകരിക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ വിജയ്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് വിജയ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് മുതൽ തന്നെ തടയാൻ പലവിധ ശ്രമങ്ങൾ നടന്നു. യോഗങ്ങൾ മുടക്കാൻ പുതിയ മാർഗരേഖകൾ കൊണ്ടുവന്നു. തന്റെ ചുറ്റുമുള്ളവരെ വശത്താക്കാൻ നോക്കി.

ഇതൊന്നും വിജയിക്കാതെ വന്നപ്പോഴാണ് വ്യക്തിഹത്യയിലേക്ക് കടന്നത്. കുടുംബബന്ധം തകർത്ത് തന്നെ മാനസികമായി തളർത്താനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു. ചെന്നൈയിലെ പെരമ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

ഡിഎംകെ സർക്കാർ ടിവികെയെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം തടസ്സങ്ങളെന്നും വിജയ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് 30 ദിവസം മുമ്പ് തന്നെ അപകീർത്തിപ്പെടുത്താൻ നീക്കം നടന്നുവെന്നും എന്നാൽ ജനങ്ങളുടെ പിന്തുണയോടെ അതിനെയെല്ലാം അതിജീവിക്കുമെന്നും വിജയ് വ്യക്തമാക്കി.