കണ്ണൂർ:തലക്കെട്ട്: മാവേലി എക്സ്പ്രസ്സിൽ യുവതിയുടെ ലാപ്ടോപ്പ് തട്ടിപ്പറിച്ചു ഓടുന്ന ട്രെയിനിൽ നിന്ന് മോഷ്ടാവ് ചാടി രക്ഷപ്പെട്ടു റെയിൽവേയുടെ അനാസ്ഥ.മംഗ്ളൂര്-തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ വ്യാഴാഴ്ച പുലർച്ചെ 1.30-ഓടെ ആലുവ സ്റ്റേഷൻ കഴിഞ്ഞ ഉടനെയാണ് ഞെട്ടിക്കുന്ന കവർച്ച നടന്നത്. സൈഡ് ബർത്തിൽ ഇരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിനിയും കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ഗസ്റ്റ് ലക്ചററുമായ ആർഷയുടെ 45,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിപ്പറിച്ച ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
തിരുവനന്തപുരത്തെ നെടുമങ്ങാടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് യുവതി കവർച്ചയ്ക്ക് ഇരയായത്. ടോയ്‌ലറ്റ് ഡോറിന് സമീപം നിൽക്കുകയായിരുന്ന അപരിചിതനാണ് ബാഗ് ബലമായി പിടിച്ചുപറിച്ചത്. യുവതി ബഹളം വെച്ച് നിലവിളിച്ചതോടെ മറ്റ് യാത്രക്കാർ ഓടിക്കൂടിയെങ്കിലും പ്രതി അതിവേഗം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.സംഭവത്തെ തുടർന്ന് ആർ.പി.എഫ്., ഡ്യൂട്ടി പോലീസ്, ടി.ടി. എന്നിവർ എത്തി വിവരങ്ങൾ ശേഖരിക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് സന്ദേശം കൈമാറുകയും ചെയ്തിട്ടുണ്ട്.
റിസർവേഷൻ കംപാർട്ട്‌മെൻ്റുകളിൽ ടോയ്ലറ്റ് പാസേജുകളിൽ അനധികൃതമായി ആളുകൾ നിൽക്കുന്നത് റെയിൽവേ കർശനമായി വിലക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല വിമർശിച്ചു. കവർച്ചയ്ക്ക് ദൃക്‌സാക്ഷിയായിരുന്ന ശശികല, ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ അനാസ്ഥയ്ക്കാണെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.