ന്യൂഡല്‍ഹി : വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും നിയമപരമായി അപ്രസക്തവുമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. 1985-ല്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഏഴ് പേരെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിച്ചത്.
വീട്ടില്‍നിന്ന് ചില മേക്കപ്പ് സാധനങ്ങള്‍ കണ്ടെത്തിയത് മരണപ്പെട്ട സ്ത്രീയുടേത് ആകുമെന്നും കാരണം കൂടെ ഉണ്ടായിരുന്ന സ്ത്രീ വിധവയായതിനാല്‍ അവര്‍ക്ക് അതിന്റെ ആവശ്യകത ഇല്ലായെന്നുമാണ് ഹൈക്കോടതി പരാമർശിച്ചിരുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ആക്ഷേപാർഹവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.