
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽനിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐ സംഘം ഡൽഹിയിലെത്തി.
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് സിജെപി സമരം അവസാനിപ്പിച്ചതിനാൽ നാളെ നടക്കുന്ന ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. ഡൽഹി ചലോ എന്ന പേരിൽ ജൂലൈ 24നാണ് ആയിരത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ മാർഗ്ഗം സമരയാത്രയായി ഡൽഹിയിലേക്ക് പുറപ്പെട്ടത്.
ജൂലൈ 27ന് രാവിലെ ജന്തർ മന്തറിലെത്തി സമരത്തിന്റെ ഭാഗമാകാനായിരുന്നു ഡിവൈഎഫ്ഐയുടെ തീരുമാനം. എന്നാൽ ജൂലൈ 25ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്ന് സിജെപി സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
സമരയാത്രയ്ക്ക് മുന്നോടിയായി ജൂലൈ 24ന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം സംഘടിപ്പിച്ചിരുന്നു. കൂടാതെ ജൂലൈ 27ന് ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസ സമരം നടത്താനും തീരുമാനിച്ചിരുന്നു.