
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മുട്ടട ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. കടുത്ത മത്സരത്തിനൊടുവിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടിൽ ഒതുങ്ങി. വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ ഈ വാർഡ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വൈഷ്ണയെ വാർത്തകളിലിടം നേടിക്കൊടുത്തത്.
സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളവോട്ട് ആരോപിക്കപ്പെടുകയും മേൽവിലാസത്തിലെ കൃത്യതയില്ലായ്മ ചൂണ്ടിക്കാട്ടി അന്തിമ വോട്ടർപ്പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. പ്രചാരണം ആരംഭിച്ചതിന് ശേഷമുണ്ടായ ഈ തിരിച്ചടിക്ക് പിന്നാലെ വൈഷ്ണ നിയമപോരാട്ടം ആരംഭിച്ചു.
ദിവസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതിയുടെ ഇടപെടലിലൂടെ വൈഷ്ണയ്ക്ക് വോട്ടവകാശം തിരികെ ലഭിച്ചു. ഈ നിയമവിജയത്തിന് ശേഷമാണ് വീണ്ടും സജീവമായി തിരഞ്ഞെടുപ്പ് കളത്തിലേക്ക് മടങ്ങിയെത്തിയത്. കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സ്വന്തം സീറ്റിൽ നേടിയ ഈ വിജയം കോൺഗ്രസ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.