Banner Ads

നിയമം കണ്ണടയ്ക്കില്ല! ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഉപദ്രവിച്ച പ്രതിക്ക് ലഭിച്ചത് അർഹമായ ശിക്ഷ; മരണം വരെ തടവ്.

പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടാമ്പി ഫസ്റ്റ് ട്രക്ക് സ്പെഷ്യൽ കോടതിയാണ് ദേശമംഗലം സ്വദേശി 33 കാരൻ വിനോദിനെ ശിക്ഷിച്ചത്.2018 ലാണ് കേസിനാസ്പദമായ സംഭവം.

ബുദ്ധിവളർച്ചയില്ലാത്ത സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് ദേശമംഗലം പല്ലൂർ സ്വദേശി 33 വയസ്സുകാരൻ വിനോദിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദിനേശ് എൻ പിള്ളയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

ഇൻസ്പെക്ടർമാരായ ഹിദായത്തുള്ള മാബ്ര, ടി മനോഹരൻ, സബ് ഇൻസ്പെക്ടർ സി കെ രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സന്ദീപ് ഹാജരായി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ലൈയ്സൺ ഓഫീസർ ആയ എസ് മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 15സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി