Banner Ads

കണ്ണീർക്കടലായി ആ വീട്; നിതിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സിദ്ധാർത്ഥന്റെ അമ്മ, പ്രതികളെ സംരക്ഷിക്കരുതെന്ന് സതീശൻ

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ക്രൂരമായ ജാതീയ അധിക്ഷേപമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമാനമായ രീതിയിൽ പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ അമ്മയും നിതിന്റെ കുടുംബത്തെ കാണാൻ എത്തിയിരുന്നു.

പഠിക്കാൻ മിടുക്കനായ ഒരു ദളിത് വിദ്യാർത്ഥിയെ അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചത് വിശ്വസിക്കാനാവുന്നില്ല. ഇക്കാലത്തും ജാതി വെറിയന്മാരാകാൻ അധ്യാപകർക്ക് എങ്ങനെ കഴിയുന്നുവെന്ന് സതീശൻ ചോദിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്ന് ഉടൻ പിരിച്ചുവിടണം. രാജ്യത്തിന്റെ നോവായിരുന്ന രോഹിത് വെമുലയുടെ അവസ്ഥ തന്നെയാണ് നിതിനും ഉണ്ടായത്.

ജാതീയ അധിക്ഷേപങ്ങൾ തടയാൻ യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത രോഹിത് വെമുല നിയമം നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം കാണിക്കുന്നത്. പൂക്കോട് സിദ്ധാർത്ഥന്റെ മരണത്തിൽ സർക്കാർ കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം ക്രൂരതകൾ ആവർത്തിക്കില്ലായിരുന്നു.

കുറ്റക്കാരായ അധ്യാപകർക്കെതിരെ മുഖം നോക്കാതെ നടപടി വേണം. സ്വന്തമായി വീട് പോലുമില്ലാത്ത നിതിന്റെ കുടുംബം തങ്ങളുടെ സർവ്വസ്വവും നൽകിയാണ് അവനെ പഠിപ്പിച്ചത്. ആ മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണ്. സിദ്ധാർത്ഥന്റെ അമ്മയും നിതിന്റെ അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച കണ്ടുനിന്നവർക്കും നൊമ്പരമായി.