Banner Ads

രാജ്യത്ത് ആദ്യമായി പൂർണ്ണമായും ശീതീകരിച്ച സർക്കാർ സ്കൂൾ; മലപ്പുറത്ത് നാടിന് സമർപ്പിച്ചു

മലപ്പുറം : വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ രംഗത്ത് ചരിത്രം കുറിച്ച് മലപ്പുറം. രാജ്യത്ത് ആദ്യമായി പൂർണമായും ശീതീകരിച്ച (എയർ കണ്ടീഷൻഡ്) സൗകര്യങ്ങളോടുകൂടിയ സർക്കാർ ലോവർ പ്രൈമറി സ്കൂൾ നാടിന് സമർപ്പിച്ചു. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി. സ്കൂളിൻ്റെ നൂറ് വർഷം പഴക്കമുള്ള കെട്ടിടമാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തി പുതുക്കിപ്പണിതത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇത് ഒരു പുതിയ മാതൃകയാണ്. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു, കൗൺസിലർ നാജിയ ഷിഹാർ, പ്രഥമാധ്യാപിക ബി. പത്മജ ഉൾപ്പെടെയുള്ളവരും സംസാരിച്ചു.